Monday, October 14, 2013

ഒരു കലാവിരുത്


'നഷ്ടപ്പെടുത്തല്‍' സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്
നഷ്ടപ്പെടുമെന്ന ചിന്ത പോലും 
ആദ്യം നിങ്ങളെ സംഭ്രമിപ്പിക്കുമെങ്കിലും!!

എന്നാല്‍ എല്ലാ ദിവസവും എന്തെങ്കിലും
ചെറുത് നഷ്ടപ്പെടുത്തി തുടങ്ങു,
ഉദാഹരണത്തിന് നിങ്ങളുടെ വീടിന്റെ താക്കോല്‍
ആ വിഭ്രാന്തിയില്‍ ഒരു നാഴിക ചെലവഴിക്കു
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്

ഊഹിക്കാന്‍ പോലും കഴിയാത്ത ചിലത് 
നഷ്‌ടപ്പെടുത്തണംഅതും വളരെ വേഗത്തില്‍ -
സ്ഥലങ്ങള്‍, പേരുകള്‍, യാത്ര പോകാനാഗ്രഹിച്ച ഇടങ്ങള്‍
ഇവയൊന്നും ഒരു ദുരന്തമല്ല

ഞാനെന്‍റെ അമ്മയുടെ വാച്ച് നഷ്‌ടപ്പെടുത്തി, പിന്നെ,
എന്റെ അവസാനത്തെ, ഒരു പക്ഷെ അതിനു 
മുന്‍പേയുള്ള ഒന്നോ രണ്ടോ വീടുകളും നഷ്ടമായി
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്

രണ്ടു നഗരങ്ങള്‍ എനിക്ക് നഷ്ടമായി,
വലുതും, മനോഹരങ്ങളുമായിരുന്നത്
എന്റെ സ്വന്തമായിരുന്ന ചില സാമ്രാജ്യങ്ങള്‍,
രണ്ടു നദികള്‍, ഒരു ഭൂഖണ്ഡം
എല്ലാം നഷ്ടമായി, ഇവയൊന്നും ഒരു ദുരന്തമല്ല

നോക്കു, നിന്നെ നഷ്ടപ്പെടുന്നത് പോലും, 
(തമാശ കലര്‍ന്ന ശബ്ദത്തില്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന ആംഗ്യത്തില്‍)  
ഞാന്‍ നുണ പറയുന്നതല്ല, 
ഇത് പകല്‍ പോലെ വ്യക്തമാണ്
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്
അസാധ്യമെന്നും, ദുരന്തമെന്നും 
ആദ്യമാദ്യം തോന്നുമെന്കിലും... (ഇതെവിടെയെങ്കിലും കുറിച്ച് വെക്കു)
___________________________________________________________
എലിസബത്ത്‌ ബിഷപ്പിന്റെ(http://en.wikipedia.org/wiki/Elizabeth_Bishop)'One Art' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ
ചിത്രം - അമേരിക്കന്‍ ചിത്രകാരി ദയ്ഡരെ ഹാമില്‍ട്ടന്റെ 'Losing My Marbles'  

1 comment:

  1. നഷ്ടപ്പെടാൻ പഠിക്കണം പിന്നെ പിന്നെ നഷ്ടവും നേട്ടവും എല്ലാം
    ഒന്നാണെന്ന് തിരിച്ചറിയും .അങ്ങനെ രണ്ടവസ്ഥ ഉണ്ടെന്നുപോലും തിരിച്ചറിയാതാവും .

    ReplyDelete