Sunday, August 30, 2020

 

രണ്ട് വായനകൾ






കടലാഴങ്ങളിലൂടെ നിശാവെളിച്ചത്തിൽ മുന്നോട്ടു പായുന്ന കപ്പലുകൾ

പരസ്പരം കണ്ടുമുട്ടുന്നു, വാക്കുകൾ കൈമാറുന്നു

അങ്ങകലെ ഒരു സൂചന, നിശബ്ദതയിൽ ഇരുട്ടിനെ തഴുകി എത്തുന്ന ഒരേകശബ്ദം

 

അനന്തമായ ആഴിയിൽ എവിടെയോ നമ്മളും കണ്ടുമുട്ടുന്നു, മിണ്ടുന്നു

ഇരുട്ടിന്റെ തടവറയിലേക്ക് മടങ്ങും മുൻപൊരു വാക്ക്, ഒരു നോക്ക്,

പിന്നെ നീണ്ട നിശബ്ദത, അത്ര മാത്രം.






കടലാഴങ്ങളിലെ ഇരുട്ടിൽ പായുന്ന കപ്പലുകൾ

പരസ്പരം കണ്ടുമുട്ടുന്ന തെല്ലിട നേരത്തിൽ

ഒരു രഹസ്യ  അടയാളവും  

ഇരുളിലേക്ക്  അലിഞ്ഞില്ലാതായ  ഒരു വാക്കും

കൈമാറി പൊടുന്നനെ യാത്രയാവുന്നു 

 

നോക്കൂ, ജീവിതമെന്നു നാം പേരിട്ട  നീല സമുദ്രത്തിൽ 

നമ്മളും കണ്ടു മുട്ടുന്നു, പരസ്പരം മിണ്ടുന്നു

ചിലപ്പോൾ ഒരു നോക്ക്, അതുമല്ലെങ്കിൽ നേർത്ത ഒരു ശബ്ദം

പിന്നെ അവിടെ ഇരുൾ മൂടുന്നു, നിതാന്തമായ ഒരു മൗനം പരക്കുന്നു



___________________________

Ships that pass in the night, and speak each other in passing, only a signal shown, and a distant voice in the darkness; So on the ocean of life, we pass and speak one another, only a look and a voice, then darkness again and a silence.

Henry Wadsworth Longfellow 

Monday, July 27, 2020





രണ്ട് നഗരങ്ങളിളെ  ശീതീകരിച്ച രണ്ട് മുറികളിൾ രണ്ട് മനുഷ്യർ,
അവരിലൊരാൾ ഒരു കവിത കുറിച്ചു
അവസാന വരി എഴുതി മുഴുമിപ്പിക്കും മുൻപ് 
രണ്ടാമത്തെയാൾ മധുരമായത് പാടാൻ തുടങ്ങി
ഇടർച്ചകളൊന്നുമില്ലാതെ...

രണ്ട് നഗരങ്ങൾക്കിടയിൽ പെട്ടെന്ന് 
ഒരു ഇടനാഴി രൂപപ്പെടുകയും
പാട്ട് പ്രതിധ്വനിക്കുകയും ചെയ്തു
ഒരു പിയാനോ കട്ടിലിൽ നനുത്ത വിരലുകളമർന്ന് 
അതൊരു പ്രണയഗാനമായി...

എഴുതിയവനും, പാടിയവളും നഗര സീമകളെ 
കീറിമുറിച്ച് കടൽതീരത്തെത്തി
അവരുടെ ആകാശങ്ങൾ എന്നും ഒന്നായിരുന്നല്ലോ എന്ന് വെറുതെയോർത്തു...