Sunday, August 30, 2020

 

രണ്ട് വായനകൾ






കടലാഴങ്ങളിലൂടെ നിശാവെളിച്ചത്തിൽ മുന്നോട്ടു പായുന്ന കപ്പലുകൾ

പരസ്പരം കണ്ടുമുട്ടുന്നു, വാക്കുകൾ കൈമാറുന്നു

അങ്ങകലെ ഒരു സൂചന, നിശബ്ദതയിൽ ഇരുട്ടിനെ തഴുകി എത്തുന്ന ഒരേകശബ്ദം

 

അനന്തമായ ആഴിയിൽ എവിടെയോ നമ്മളും കണ്ടുമുട്ടുന്നു, മിണ്ടുന്നു

ഇരുട്ടിന്റെ തടവറയിലേക്ക് മടങ്ങും മുൻപൊരു വാക്ക്, ഒരു നോക്ക്,

പിന്നെ നീണ്ട നിശബ്ദത, അത്ര മാത്രം.






കടലാഴങ്ങളിലെ ഇരുട്ടിൽ പായുന്ന കപ്പലുകൾ

പരസ്പരം കണ്ടുമുട്ടുന്ന തെല്ലിട നേരത്തിൽ

ഒരു രഹസ്യ  അടയാളവും  

ഇരുളിലേക്ക്  അലിഞ്ഞില്ലാതായ  ഒരു വാക്കും

കൈമാറി പൊടുന്നനെ യാത്രയാവുന്നു 

 

നോക്കൂ, ജീവിതമെന്നു നാം പേരിട്ട  നീല സമുദ്രത്തിൽ 

നമ്മളും കണ്ടു മുട്ടുന്നു, പരസ്പരം മിണ്ടുന്നു

ചിലപ്പോൾ ഒരു നോക്ക്, അതുമല്ലെങ്കിൽ നേർത്ത ഒരു ശബ്ദം

പിന്നെ അവിടെ ഇരുൾ മൂടുന്നു, നിതാന്തമായ ഒരു മൗനം പരക്കുന്നു



___________________________

Ships that pass in the night, and speak each other in passing, only a signal shown, and a distant voice in the darkness; So on the ocean of life, we pass and speak one another, only a look and a voice, then darkness again and a silence.

Henry Wadsworth Longfellow 

Monday, July 27, 2020





രണ്ട് നഗരങ്ങളിളെ  ശീതീകരിച്ച രണ്ട് മുറികളിൾ രണ്ട് മനുഷ്യർ,
അവരിലൊരാൾ ഒരു കവിത കുറിച്ചു
അവസാന വരി എഴുതി മുഴുമിപ്പിക്കും മുൻപ് 
രണ്ടാമത്തെയാൾ മധുരമായത് പാടാൻ തുടങ്ങി
ഇടർച്ചകളൊന്നുമില്ലാതെ...

രണ്ട് നഗരങ്ങൾക്കിടയിൽ പെട്ടെന്ന് 
ഒരു ഇടനാഴി രൂപപ്പെടുകയും
പാട്ട് പ്രതിധ്വനിക്കുകയും ചെയ്തു
ഒരു പിയാനോ കട്ടിലിൽ നനുത്ത വിരലുകളമർന്ന് 
അതൊരു പ്രണയഗാനമായി...

എഴുതിയവനും, പാടിയവളും നഗര സീമകളെ 
കീറിമുറിച്ച് കടൽതീരത്തെത്തി
അവരുടെ ആകാശങ്ങൾ എന്നും ഒന്നായിരുന്നല്ലോ എന്ന് വെറുതെയോർത്തു...

Sunday, October 9, 2016





മൃത്യുവിനെപ്പോലും വളഞ്ഞാക്രമിച്ച, നിന്റെ
സൂര്യമുഖമാർന്ന ശൗര്യത്തിന്റെ
ചരിത്രോന്നതികളിൽ നിന്ന് 
നിന്നെ സ്നേഹിക്കാൻ ഞങ്ങൾ ശീലിച്ചു

ചെഗുവേര, പ്രിയ സൈന്യാധിപാ
നിന്റെ സാന്നിധ്യം തീർത്ത 
കടലാഴമുള്ള സുതാര്യത
സ്ഫടികസമാനമായി ഇവിടെയിപ്പോഴും തുടരുന്നു

നിന്റെ പ്രോജ്ജ്വലവും, ബലിഷ്ഠവുമായ കരങ്ങൾ 
ചരിത്രത്തിലേക്ക് വെടിയുതിർക്കുമ്പോൾ 
നിന്നെക്കാണാൻ ഉണർന്നിരിക്കുന്നു
സാന്റാക്ലാരാ നഗരം

വസന്തകാലത്തിന്റെ സൂര്യനൊപ്പം
ഇളം കാറ്റിനെ ചുട്ടെരിച്ച് നീ വരുന്നു
തേജസ്സുറ്റ പുഞ്ചിരിയോടെ 
നമ്മുടെ കൊടി നാട്ടാൻ

വിപ്ലവത്തോടുള്ള നിന്റെ അഭിനിവേശം
പുതിയ ശപഥങ്ങളിലേക്ക് നിന്നെ നയിക്കുന്നു
വിമോചിപ്പിക്കുന്ന
നിന്റെ കരങ്ങളുടെ സ്ഥൈര്യത്തെ 
പ്രതീക്ഷിച്ചിരിക്കുന്നു ഒരു ജനത

ഫിദലിനൊപ്പം ചേർന്ന് ഞങ്ങളും നിനക്ക് വാക്ക് തരുന്നു
ഒരിക്കൽ നിന്നെ പിന്തുടർന്ന ഈ പാതയിലൂടെ 
ഞങ്ങളിനിയും മുന്നേറും, സൈന്യാധിപാ
"എപ്പോഴും എന്നന്നേയ്ക്കും"

________________________________________________
"Hasta Siempre, Comandante", or simply "Hasta Siempre", is a 1965 song by Cuban composer Carlos Puebla. The song's lyrics are a reply to revolutionary Che Guevara's farewell letter when he left Cuba, in order to foster revolution in the Congo and later Bolivia, where he would be captured and murdered. - സ്വതന്ത്ര പരിഭാഷ 

Wednesday, August 13, 2014

They Say, I lack Integrity




ഇരുണ്ട വരാന്തയുടെ
നിഴലില്‍ ഒളിച്ചിരിപ്പുണ്ട്
തൊണ്ടയില്‍ തങ്ങി കെട്ടുപോയ വാക്കുകള്‍

മുദ്രാവാക്യങ്ങളുടെ ഇടയിലുള്ള
നിശബ്ദതയില്‍ ഒരു ഗസല്‍
പാടി നിര്‍ത്തിയിരുന്നു

തുറന്നിട്ട ജനാലയുടെ അറ്റത്ത്
തിരിച്ചെടുക്കാന്‍ മറന്നു പോയ
ഒരു നോട്ടം ഒളിച്ചിരിപ്പുണ്ട്

വാക മരത്തിന്‍റെ ചോട്ടിലെ
ഊഞ്ഞാലില്‍ നഖക്ഷതങ്ങള്‍
ചോര പൊടിഞ്ഞു കിടപ്പുണ്ട്

വരാന്ത മായുന്നിടത്ത്
വെട്ടിത്തിരിഞ്ഞ മിന്നല്‍ പോലെ
ഒരുമ്മയുടെ നനവുണ്ട്

കണ്ണില്‍ നോക്കിയില്ലെങ്കിലും
കൈകോര്‍ത്തു പിടിചില്ലെങ്കിലും
നിന്നെ ഇഷ്ടമായിരുന്നു എനിക്ക്

_______________________

മരണത്തിന് തൊട്ടു മുന്‍പുള്ള
വെളിപ്പെടുത്തലോ, കുമ്പസാരമോ ആയി
പുച്ച്ചിച്ചു തള്ളാന്‍ അപേക്ഷ...

Wednesday, August 6, 2014

മുന്നറിയിപ്പുകള്‍






എന്നെ പോലുള്ളവരെ പ്രണയിക്കാതിരിക്കുക
ഞാന്‍ നിന്നെ കൊണ്ട് പോവുന്നത്, പുരാവസ്തു കേന്ദ്രങ്ങളിലേക്കോ
ഉദ്യാനങ്ങളിലേക്കോശവകല്ലറകളിലേക്കോ ഒക്കെയായിരിക്കും


മനോഹരമായ ഇടങ്ങളിലെല്ലാം വെച്ച്
ഞാന്‍ നിന്നെ അമര്‍ത്തി ചുംബിക്കും


എന്തിനാണെന്നോ,
എന്റെ ചുണ്ടുകളെ നുണയാതെ അവിടങ്ങളിലെക്കുള്ള
തിരിച്ചു പോക്ക്, നിനക്ക് അസഹ്യമായിരിക്കും,
നിന്റെ വായില്‍ പുരണ്ട രക്തം പോലെ
എന്റെ കയ്പ്പ് നിന്നിലെപ്പോഴും നിറയും
 

ഞാന്‍ നിന്നെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കും
ഏറ്റവും  മനോഹരമാം  വിധം, നീ പോലുമറിയാതെ


പിന്നീടൊരിക്കല്‍ ഞാന്‍
ഉപേക്ഷിച്ചകലുമ്പോള്‍ മാത്രമാകും
നീ തിരിച്ചറിയുക
എന്ത് കൊണ്ടാണ് കൊടുംകാറ്റുകള്‍ക്ക്
മനുഷ്യരുടെ പേരുകള്‍ ഉണ്ടായതെന്ന്



Do Not Fall In Love With People Like Me - Caitlyn Siehl - കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം


Tuesday, March 11, 2014

ജ്ഞാനസ്നാനം




മേഘങ്ങള്‍ക്ക് മുകളില്‍ പെയ്തതിനെ,
കടലില്‍ ഒഴുകി ചേര്‍ന്നതിനെ,
മഴ എന്ന് വിളിക്കാത്തതെന്ത്?


വിരലറ്റത്ത് പതിഞ്ഞ ചുംബനങ്ങളെ
നിന്റെ വിവാഹത്തലേന്നു,
അശ്ലീലമെന്നു വിളിക്കുന്നതെന്തിനു?


ശ്വാസം മുട്ടിച്ച ആശ്ലേഷങ്ങളെ
വിവാഹമോചന പിറ്റേന്ന്
വ്യഭിചാരമെന്നു വിളിക്കുന്നതെന്തിനു?


മേഘങ്ങള്‍ക്ക് മുകളില്‍ പെയ്തതിനെ,
കടലില്‍ ഒഴുകി ചേര്‍ന്നതിനെ,
മഴ എന്ന് വിളിക്കാത്തതെന്ത്?


ഒരു ജ്ഞാനസ്നാനവും നമ്മെ
ശുദ്ധീകരിക്കാതിരിക്കട്ടെ...
ഞാന്‍ വ്യഭിചാരിയും,
നീ ദുര്‍നടപ്പുകാരിയായും തുടരുക...

Monday, October 14, 2013

ഒരു കലാവിരുത്


'നഷ്ടപ്പെടുത്തല്‍' സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്
നഷ്ടപ്പെടുമെന്ന ചിന്ത പോലും 
ആദ്യം നിങ്ങളെ സംഭ്രമിപ്പിക്കുമെങ്കിലും!!

എന്നാല്‍ എല്ലാ ദിവസവും എന്തെങ്കിലും
ചെറുത് നഷ്ടപ്പെടുത്തി തുടങ്ങു,
ഉദാഹരണത്തിന് നിങ്ങളുടെ വീടിന്റെ താക്കോല്‍
ആ വിഭ്രാന്തിയില്‍ ഒരു നാഴിക ചെലവഴിക്കു
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്

ഊഹിക്കാന്‍ പോലും കഴിയാത്ത ചിലത് 
നഷ്‌ടപ്പെടുത്തണംഅതും വളരെ വേഗത്തില്‍ -
സ്ഥലങ്ങള്‍, പേരുകള്‍, യാത്ര പോകാനാഗ്രഹിച്ച ഇടങ്ങള്‍
ഇവയൊന്നും ഒരു ദുരന്തമല്ല

ഞാനെന്‍റെ അമ്മയുടെ വാച്ച് നഷ്‌ടപ്പെടുത്തി, പിന്നെ,
എന്റെ അവസാനത്തെ, ഒരു പക്ഷെ അതിനു 
മുന്‍പേയുള്ള ഒന്നോ രണ്ടോ വീടുകളും നഷ്ടമായി
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്

രണ്ടു നഗരങ്ങള്‍ എനിക്ക് നഷ്ടമായി,
വലുതും, മനോഹരങ്ങളുമായിരുന്നത്
എന്റെ സ്വന്തമായിരുന്ന ചില സാമ്രാജ്യങ്ങള്‍,
രണ്ടു നദികള്‍, ഒരു ഭൂഖണ്ഡം
എല്ലാം നഷ്ടമായി, ഇവയൊന്നും ഒരു ദുരന്തമല്ല

നോക്കു, നിന്നെ നഷ്ടപ്പെടുന്നത് പോലും, 
(തമാശ കലര്‍ന്ന ശബ്ദത്തില്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന ആംഗ്യത്തില്‍)  
ഞാന്‍ നുണ പറയുന്നതല്ല, 
ഇത് പകല്‍ പോലെ വ്യക്തമാണ്
നഷ്ടപ്പെടുത്തല്‍ സ്വായത്തമാക്കാന്‍
ബദ്ധപ്പാടില്ലാത്ത കലാവിരുതാണ്
അസാധ്യമെന്നും, ദുരന്തമെന്നും 
ആദ്യമാദ്യം തോന്നുമെന്കിലും... (ഇതെവിടെയെങ്കിലും കുറിച്ച് വെക്കു)
___________________________________________________________
എലിസബത്ത്‌ ബിഷപ്പിന്റെ(http://en.wikipedia.org/wiki/Elizabeth_Bishop)'One Art' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ
ചിത്രം - അമേരിക്കന്‍ ചിത്രകാരി ദയ്ഡരെ ഹാമില്‍ട്ടന്റെ 'Losing My Marbles'