Tuesday, April 23, 2013

ഒരു കപ്പല്‍  സുരക്ഷിത തീരം തേടി പോയതിന്‍റെ 
രണ്ടാം വാര്‍ഷികത്തില്‍

അപ്പുറം

അടച്ചിട്ട ജാലകങ്ങളെ തഴുകി 
ഒരു കാറ്റും വീശുന്നില്ല...
ചാന്ദ്രോദയമോ, ധ്രുവ നക്ഷത്രമോ 
എത്തി നോക്കുന്നില്ല....
ഒരു പ്രഭാതവും മുട്ടി വിളിക്കുന്നുമില്ല...

ഇപ്പുറം

നരച്ച ജാലകത്തിനിപ്പുറം
മുനിഞ്ഞു കത്തുന്ന നിയോണ്‍ വിളക്ക്
വാക്കുകള്‍ ഉപേക്ഷിച്ചു പോയ പേന  
തണുത്തുറഞ്ഞ ഒരു കപ്പു കാപ്പി, 
പിന്നെ അയാള്‍...............

അന്ന് 

വിയര്‍പ്പ് വറ്റിയ  ഒരു രാത്രിയില്‍
പ്രണയവും, സ്വപ്നങ്ങളും, പ്രതീക്ഷയും 
ഒറ്റക്കയറില്‍ കോര്‍ത്ത്‌  
താഴേക്കു ചാടുകയായിരുന്നു
ഭാഗ്യം, അയാള്‍ മാത്രം മരിച്ചില്ല....

ഇന്ന്  

നിലവിളിച്ചെത്തുന്ന ഒരു തീവണ്ടി
തലച്ചോറില്‍  നിര്‍ത്താതെ ഓടുന്നു
ഞാന്‍ അയാളല്ല എന്നുറപ്പിക്കാന്‍ 
കാലില്‍ കെട്ടിയ ചങ്ങല
നീയൊന്നു  അമര്‍ത്തി വലിക്കാമോ?


ഒന്നുറക്കെ പൊട്ടിച്ചിരിക്കാനാണ്....





No comments:

Post a Comment