തപാൽ ഓഫീസില്ലാത്ത ഒരിടത്തേക്ക്
യൗവനത്തിൽ
നീ എന്റെ വരികളിലെ ഇടവേളയായിരുന്നു
ഗാനത്തിനിടയിലെ നിശബ്ദതയായിരുന്നു
പ്രണയത്തിന്റെ ശ്വാസവും വിഷാദത്തിന്റെ നിശബ്ദതയും
എത്രയോ രാത്രികളിൽ
എന്റെ കവിതകളുടെ അടിക്കുറിപ്പായിരുന്നു നീ
ആത്മാവ് നഷ്ടമായൊരു കാലത്ത്
എന്റെ ഉപ്പും ഒപ്പും നീയായിരുന്നു
ആ പഴയ എന്നെ ഏതോ മരത്തിന്റെ പൊത്തിൽ
ഞാൻ മറന്നു വെച്ചുപോയി—
ഉപേക്ഷിച്ചതാകാനും മതി,
മീസാൻ കല്ല് പോലും വെക്കാതെ
ഒരു വ്യാഴവട്ടം കഴിഞ്ഞു
മറവികൾക്ക് പോലും മരണം സംഭവിച്ചു
പക്ഷേ ആ പേര്
ഏതോ ജന്മനിയോഗം പോലെ
എന്നിലേക്ക് തിരിച്ചു വരുന്നു
വെറുമൊരു പേരല്ലേ എന്ന് ഞാൻ ആശ്വസിച്ചു—
ആ പേരിനൊപ്പം തിരിച്ചു വരുന്നു
മുന്നറിയിപ്പില്ലാതെ
ശ്വാസം മുട്ടിക്കുന്ന ആലിംഗനങ്ങൾ
നക്ഷത്രം പോലെ ജ്വലിച്ച കണ്ണുകൾ
പ്രണയത്താൽ മിടിച്ച ഹൃദയം
സ്നിഗ്ദമായ മിഴികൾ—
ഒരുപക്ഷേ
ആ പഴയ പൊത്തിലെ ഞാൻ തന്നെ
ഞാൻ ഈ തണുത്ത മലമുകളിലെ
ആകാശം കണ്ടു കിടക്കുന്നു
പഴയ ധ്രുവനക്ഷത്രത്തെ തിരയുന്നു
മുനിഞ്ഞു കത്തുന്ന വിളക്കിന് കീഴിൽ
വീണ്ടും കവിതയെഴുതുന്നു—
തപാൽ ഓഫീസില്ലാത്ത ഏതോ ഒരിടത്തേക്ക്
പോസ്റ്റ് ചെയ്യുന്നു
ഇപ്പോൾ—
ഞാൻ എന്നെ കണ്ണാടിയിൽ കാണുന്നു
